ഇരിവേരി
ശ്രീ പുലിദേവ ക്ഷേത്രം

ശ്രീവ്യാഘ്രരൂപധരായ പരബ്രഹ്മണേ നമഃ

ക്ഷേത്രാനുഷ്ടാനങ്ങൾ

സംക്രമണദിവസം

എല്ലാ സംക്രമണദിവസവും വിശേഷാൽ പൂജകൾ (തറമ്മൽ അടിയന്തിരം) ക്ഷേത്രത്തിൽ വെച്ച് നടക്കുന്നു.

വിഷു സംക്രമദിനം പുലർച്ചെ ബ്രഹ്മശ്രീ വെള്ളൂർ ഇല്ലം തന്ത്രി വാര്യരിൽ നിന്നും പുണ്യാഹം കൊണ്ടുവന്നു ശുദ്ധിവരുത്തുകയും തുടർന്ന് കണിവെക്കലും കണികണ്ടുതൊഴലും നടക്കുന്നു. ധാരാളം ഭക്തന്മാർ ക്ഷേത്രത്തിൽ വന്ന് കണികണ്ട് സായൂജ്യമടയുന്നു.

മകരം 18

മകരം 18 പുനഃ പ്രതിഷ്ഠാദിനമായി ആചരിക്കുന്നു.

01 Feb 2020

മകരം 20

മകരം 20 പുത്തരി അടിയന്തിരത്തോടെയാണ് ഇരിവേരി പുലിദേവക്ഷേത്രത്തിലെ തിറമഹോത്സവത്തിനു തുടക്കം

കുറിക്കുന്നത്. പുത്തരിദിവസം രാവിലെ ക്ഷേത്രം അടിച്ചുതളിച്ചു ശംഖുനാദം മുഴക്കിയതോടെ ഊരാളന്മാർ നീരാടിവന്ന് ദീപം തെളിച്ചു ദേവനു പ്രതിഷ്ഠയിൽ അരിയും പൂവും വെച്ചു 'ദേവനെ ഇരുത്തൽ' ചടങ്ങ് നടത്തുന്നു. ദേവനു നിവേദ്യങ്ങളായി അവിൽ, മലർ, പഴം, ഇളനീർ എന്നിവ അർപ്പിക്കുന്നു. ഉച്ചക്കുശേഷം വഴിപാടുകളുടെ പ്രവാഹമായിരിക്കും. പുത്തൻ കലത്തിൽ പുന്നെല്ലരിയുമായി എത്തുന്ന ഭക്തരിൽ നിന്നും കാരണവന്മാർ അല്പമെടുത്ത് (ഒരു പോങ്ങൽ അരി) തിരികെ നൽകുമ്പോൾ മഞ്ഞൾകുറിയും പഴവും കലശവെള്ളവും ചന്ദനവും പ്രസാദമായി നൽകുകയും ചെയ്യുന്നു. നാലുവഴി കാരണവന്മാരെ താംബൂലം നൽകി ആദരിച്ചു ആദ്യ വഴിപാട് സ്വീകരിക്കുന്നു.

പ്രസാദമായി ലഭിക്കുന്ന പഴം ചേർത്ത് പുന്നെല്ലരി പായസം വെച്ചു അവരവരുടെ തറവാട്ടിലെ കാരണവന്മാർക്ക് അകത്തുവെച്ചു നിവേദിച്ചതിനുശേഷം എല്ലാ കുടുംബാംഗങ്ങളും പുത്തരിയുണ്ണുന്നു.

വൈകീട്ട് അസ്തമയത്തിന് മുമ്പെ എമ്പ്രാന്റെ തിരുനൃത്തവും ക്ഷേത്ര പ്രദക്ഷിണവും കഴിഞ്ഞു പീഠത്തിൽ കയറി മൂന്നുവഴികാരണവന്മാരോടും തറയിൽ കാരണവന്മാരോടും, കൊട്ടുമ്പുറത്ത് കാരണവന്മാരോടും, ഇളവീട്ടിൽ കോയ്മ, മേൽവീട്ടിൽ കർത്താക്കന്മാർ, നാട്ടിൽ ചെറിയവരോടും വലിയവരോടും, അച്ഛൻ മഹാരാജ വെന്ത്രക്കോലപ്പനെയും മുന്നിൽ വെച്ചു വിശേഷിക്കുന്നു .കല്ല്യാണം കൊള്ളുന്നു' എന്നു വിളിച്ചറിയിക്കുന്നു. തുടർന്ന് മകരം 20-ാം തീയതി ഞങ്ങളുടെ തൃപ്പുത്തരിയെണ്ണം വാങ്ങിത്തെളിഞ്ഞു കൈയ്യേറ്റു 28-ാം തീയതി തുടർന്നു കൊടിയില വെച്ചു വലമെ തിരിഞ്ഞു 29-ാം തീയതി പുലരുവാൻ ഏഴരനാഴികയുള്ളപ്പോൾ ഞങ്ങളുടെ ആയിരത്തിരിയും, താലപ്പൊലിയും, പുള്ളിയും, പുതുക്കലവും, വെള്ളപ്പവും, തണ്ണീരമൃതും, തേങ്ങാപൊളിയും, തിരുവപ്പനയും വെള്ളിക്കിണ്ടിയിൽ പൂവും നീരുംവാങ്ങിത്തെളിഞ്ഞു കൈയ്യേറ്റു പോരുവാൻ തക്കവണ്ണം അരിപ്പത്തിട്ടേക്കിൽ കാരണവന്മാരെ' എന്ന് ഉറക്കെ പറയുകയും തത്സമയം മൂന്നുവഴി കാരണവന്മാർ ഓം കാരം മുഴക്കി അനുവാദം നൽകുകയും ചെയ്യുന്നു. അതോടെ തെയ്യം കുറിച്ചതായി കണക്കാക്കുന്നു. തുടർന്ന് പ്രസാദം വിതരണം ചെയ്തു കാവടച്ചു പൂട്ടി തിരുമുറ്റത്തിറങ്ങിയ ശേഷം തറമ്മൽ അടിയന്തിരം (ഗുളികനു പൂജ) നടക്കുന്നതോടെ മകരപുത്തിരി ചടങ്ങുകൾ അവസാനിക്കുന്നു.

0 Feb 2020

മകരം 22

മകരം 22ന് ഇളവീട്ടിൽ കോയ്മയുടെ ഭവനത്തിൽ ചെന്നു വെറ്റില വെച്ചു കുറിയിട്ടു ആചാരപ്രകാരം 'തേങ്ങ താക്കൽ' ചടങ്ങ് ആരംഭിക്കുന്നു.

27 വരെ ഊരു വട്ടത്തുള്ള ഗൃഹങ്ങളിൽ നിന്നു തേങ്ങാതാക്കുന്നു. മറ്റു നിവേദ്യപദാർത്ഥങ്ങളും ഭക്ത്യാദരം സമാഹരിക്കുന്നു.

05 Feb 2020

മകരം 28

മകരം 28ന് രാവിലെ ഊരാളന്മാർ ക്ഷേത്രത്തിലെത്തി ക്ഷേത്രം അടിച്ചുതെളിച്ചു പുണ്ണ്യാഹം കഴിച്ചതിനു ശേഷം ഉച്ചയോടുകൂടി

നാത്തക്കണ്ടിയിൽ (നാഗത്തിൻ കണ്ടി) ചെന്ന് ആചാര പ്രകാരമുള്ള കഞ്ഞി കുടിച്ചു തിരികെ ക്ഷേത്രത്തിൽ വന്ന് മഞ്ഞക്കുറിയുമായി അടയാളം കൊടുക്കുവാൻ പെരുവണ്ണാന്റെ തറവാട്ടിൽ ചെല്ലുന്നു. കൊട്ടിലയിൽ കുറിയിട്ടു 'മാവില പെരുവണ്ണാനെ' എന്ന് മൂന്നു തവണ വിളിച്ചറിയിക്കുമ്പോൾ 'കാവുങ്കലച്ഛ' എന്നു പെരുവണ്ണാനും മൂന്നുതവണ വിളിച്ചറിയിക്കുന്നു. തുടർന്ന് അടയാളം കൊടുത്തതിനുശേഷം പെരുവണ്ണാന്റെ തറവാട്ടിൽ നിന്നു ഇളനീർ പറിച്ചുകുടിച്ചു കാരിയടുത്തുചെന്നു ഭക്ഷണം കഴിക്കുന്നു. അവിടെ നിന്നു സന്ധ്യാസമയത്തു ഭണ്ഡാരം എഴുന്നള്ളിച്ചു എല്ലാവരും കിഴക്കെ നടയിലൂടെ ക്ഷേത്രത്തിൽ പ്രവേശിക്കുന്നു. ദീപം തെളിയിക്കാൻ ഉത്തരവാദപ്പെട്ട കുറുപ്പിനോടു അഴിക്കുട് എടുത്തുമാറ്റാൻ ആവശ്യപ്പെടുന്നു. തുടർന്ന് ക്ഷേത്രം തുറക്കാൻ ഒന്നാം കാരണവരായ കാവുങ്കകാരണവരോട് അനുവാദം വാങ്ങി കാവ് തുറക്കുന്നു. പൊന്നും ഭണ്ഡാരം പടിഞ്ഞാറ്റയിൽ യഥാസ്ഥാനത്ത് കൊണ്ടുവെക്കുന്നു. വീണ്ടും കാവ് അടിച്ചുതളിച്ചു പുണ്യാഹം കഴിച്ച്‌ ശംഖുനാദം മുഴക്കി ദേവനെ ഉണർത്തുന്നു. കോലക്കാർ, വാദ്യക്കാർ എന്നിവരെ വിളിച്ചു വെറ്റിലക്കൈനീട്ടം കൊടുത്തു വാദ്യഘോഷം ആരംഭിക്കാൻ അനുവാദം നൽകുന്നു .വേല കഴിഞ്ഞു കാരണവന്മാർ നീരാടാൻ പോകുന്നു. നീരാടിയതിനുശേഷം നാത്തക്കണ്ടിയിൽ ചെന്ന് കൊട്ടിലയിൽ പുണ്യാഹം തളിച്ചു തിരികെ വന്നു കാലം ചെയ്ത എമ്പ്രാന്റെ ഭണ്ഡാരത്തറയിൽ വെറ്റിലയടക്കയും മഞ്ഞക്കുറിയും വെച്ചു വന്ദിച്ച് വീണ്ടും നീരാടി ശുദ്ധിവരുത്തി കാവിൽ വന്നു നിറമാല ചാർത്തുന്നു.

പിന്നീട് അഷ്ടമംഗല്യം വെച്ചു തൊഴുതു പുതുച്ചേകവർ തെയ്യത്തിന്റെ (ഗണപതിയാർ) തോറ്റവും എമ്പ്രാന്റെ തിരുനൃത്തവും ആരംഭിക്കുന്നു. തുടർന്ന് കരിന്തിരി കണ്ണൻ, പുള്ളികരിങ്കാളി തെയ്യങ്ങളുടെ തോറ്റവും എമ്പ്രാന്റെ തിരുനൃത്തവും പ്രത്യേകം പ്രത്യേകം അരങ്ങേറുന്നു. ശേഷം 'മുമ്പ് സ്ഥാനം' പറഞ്ഞു എമ്പ്രാൻ എല്ലാവർക്കും മഞ്ഞൾക്കുറി പ്രസാദമായി നൽകുന്നു .വാദ്യഘോഷങ്ങളോടെ ക്ഷേത്രം മൂന്നുവട്ടം പ്രദക്ഷിണം വെച്ചു ചെറുക്കന്റെ സ്ഥാനത്തിന് മുമ്പിൽ നൃത്തം ചെയ്തു സോപാന വാതിൽക്കൽ തേങ്ങ എറിയുകയും എമ്പ്രാനും ഊരാളന്മാരും കൊട്ടുമ്പുറത്ത് കയറുന്നതോടെ അന്നത്തെ ചടങ്ങുകൾ അവസാനിക്കുകയും ചെയ്യുന്നു.

11 Feb 2020

മകരം 29

29-ാം തീയതി പൂജാസാമഗ്രികൾ ഒരുക്കി ഊരാളന്മാർ നീരാടാൻ പോകുന്നു. തിരികെവന്ന്‌ കുറുപ്പു ഗണപതിക്കു വെച്ചു തൊഴുതു കാവു

കലശമാടി കല്ലിൽ പടിഞ്ഞാറ്റയിൽ പുണ്യാഹം തളിച്ചു തിരികെ വന്നു 'തട്ടും പോളയും' പടുത്തു തേങ്ങയുടച്ചു പൂജിച്ചു തേങ്ങാപ്പാലിൽനിന്നു ലഭിക്കുന്ന നെയ്യമൃതിൽ, അരിപ്പൊടിയും പഴവും ചേർത്ത് കുഴച്ചെടുത്ത മാവുകൊണ്ട് ഉണ്ണിയപ്പം തയ്യാറാക്കുന്നു. വൈകുന്നേരം തിരുവാഭരണങ്ങളും തിരുവായുധങ്ങളും വൃത്തിയാക്കാൻ അവകാശപ്പെട്ട തിരുവാഭരണക്കാരനും തിരുവായുധക്കാരനും ക്ഷേത്രത്തിൽ എത്തുകയും ആഭരണങ്ങളും ആയുധങ്ങളും ആചാരപ്രകാരം ഏറ്റുവാങ്ങി വൃത്തിയാക്കിയതിനുശേഷം വാദ്യഘോഷങ്ങളുടെ അകമ്പടിയോടെ ഭണ്ഡാരം എഴുന്നള്ളിച്ചു ക്ഷേത്ര പ്രദക്ഷിണം ചെയ്തു ഊരാളന്മാർ ആയത് പടിഞ്ഞാറ്റയിൽ യഥാസ്ഥാനത്ത് വെക്കുന്നു. പരിപീഠത്തിൽ അരിയും പൂവും ചാർത്തി ദേവനെ ഇരുത്തുന്നു.ആദ്യം നൈവേദ്യം അർപ്പിക്കുന്നത് വടക്കിനിമേൽ മാടത്തിൽ പുലിദൈവത്തിനും പുള്ളിക്കരിങ്കാളി തമ്പുരാട്ടിക്കുമാണ്. പിന്നീട് കീഴ്മാടത്തിൽ ഗണപതിയാർക്ക് നൈവേദ്യം സമർപ്പിക്കുന്നു. തുടർന്ന് പുല്ലൂർകണ്ണൻ, പുലിക്കണ്ണൻ, കളപ്പുലിയൻ, കരിന്തിരികണ്ണൻ എന്നീ ദൈവങ്ങൾക്കു യഥാക്രമം നൈവേദ്യം സമർപ്പിക്കുന്നു. ശേഷം കൊട്ടുമ്പുറത്ത് അപ്പക്കള്ളൻ ദൈവത്തിനും നൈവേദ്യം നൽകുന്നു. ആചാരപ്രകാരമുള്ള 'കുടവെക്കൽ' ചടങ്ങാണ് അടുത്ത് നടക്കുന്നത്. വ്രതശുദ്ധിയോടെ നിർമ്മിച്ച തൃക്കൈകുട ഭക്താദാരപൂർവ്വം ക്ഷേത്രത്തിൽ സമർപ്പിക്കുന്നത് ഇരിവേരി കണിശവംശജരാണ്‌. അടുത്തായി കയ്യാട്ടയിൽ വെള്ളം വെച്ചു പെരുവണ്ണാനെ ആചാരപ്രകാരം വിളിച്ചു തലേന്നാൾ നടന്നതുപോലെ ഗണപതിയാരുടെയും കരിന്തിരികണ്ണൻടെയും തോറ്റം പാട്ടും എമ്പ്രാന്റെ തിരുനൃത്തവും മറ്റും നടക്കുന്നു. രാത്രി 9 മണിയോടെ ഗണപതിയാർ തെയ്യത്തെ പട്ടുമേലാപ്പും ക്ഷേത്രകുടയും ചൂടിച്ചു ഊരാളന്മാർ സ്വീകരിക്കുകയും ക്ഷേത്രപ്രദക്ഷിണം വെക്കുകയും തിരുമുറ്റത്തുള്ള ഇല്ലിവിളക്കുകളിൽ ദീപം തെളിയിക്കുകയും ചെയ്യുന്നു. 10 മണിയോടെ കരിന്തിരികണ്ണൻ ദൈവവും അപ്പക്കള്ളൻ ദൈവവും മുടിയേറുകയും കലാശത്തിനിടയിലെത്തുന്ന കാഴ്ചവരവിനെ സ്വീകരിച്ച് അനുഗ്രഹിക്കുകയും ക്ഷേത്രപ്രദക്ഷിണം നടത്തുകയും ചെയ്യുന്നു. പിന്നീട് രാത്രി 11.30 മണിയോടെ കളപ്പുലിയൻ ദൈവത്തിന്ടെ എഴുന്നള്ളത്താണ്. ദൈവത്തിൻടെ മുന്നിൽ വ്രതം നോറ്റ അഭ്യാസികൾ 'വടിപ്പയറ്റു' എന്ന ചടങ്ങ് നടത്തി ക്ഷേത്രത്തെ വലംവെക്കുന്ന ദൃശ്യം പ്രത്യേകം ശ്രദ്ധേയമാണ്. അതിനുശേഷം തിരുമുറ്റത്ത് പീഠത്തിൽ കയറി നിൽക്കുന്ന ദൈവത്തിന്ടെ കയ്യിലേക്ക് പന്തവും, അസ്ത്രവും സമർപ്പിക്കുന്ന എമ്പ്രാൻ ബോധരഹിതനാവുകയും ഊരാളന്മാർ താങ്ങിയെടുത്ത് കൊട്ടുമ്പുറത്ത് കൊണ്ടുപോവുകയും ചെയ്യുന്നു. പീഠത്തിൽ നിന്നുകൊണ്ട് കലാശങ്ങൾ കാണിച്ച് കിഴക്കുതിരിഞ്ഞു ദൈവം അമ്പെയ്യുന്നു. തുടർന്ന് വെള്ളിക്കണ്ണു അഴിച്ചുമാറ്റി ഒരുവട്ടം ക്ഷേത്രപ്രദക്ഷിണം നടത്തുന്നു. ഇതിനിടയിൽ തന്നെ അസ്ത്രം എടുത്തു ഊരാളന്മാർ മേൽമാടത്തിൽ കൊണ്ടുവെക്കുന്നു. അതോടൊപ്പം തന്നെ പുല്ലൂർകണ്ണൻടെയും പുള്ളിക്കരിങ്കാളിയുടെയും തോറ്റങ്ങൾ ആരംഭിക്കുകയും കാളപ്പുലിയൻ ദൈവത്തിന്ടെ ചടങ്ങ് അവസാനിക്കുകയും ചെയ്യുന്നു. പിന്നീട് പുലിമുത്തപ്പൻ, പുലിമുത്താച്ചി, പൂക്കുലവൻദൈവം എന്നിവരുടെ തോറ്റങ്ങൾക്കുശേഷം തമ്പുരാട്ടിയുടെ തോറ്റം ആരംഭിക്കുന്നു. പുലർച്ചെ 5.30 മണിയോടെയാണ് തമ്പുരാട്ടിയുടെ കുളിച്ചെഴുന്നള്ളത്ത് എന്ന ഭക്തിനിർഭരമായ ചടങ്ങ്. കുളത്തുംപടവിലെ പൂവാരാധന, നൃത്തം, പട്ടുമെലാപ്പോടെയുള്ള എഴുന്നള്ളത്ത്, വരപാച്ചിൽ വീണ്ടും തിരുനൃത്തം തുടർന്ന് താലപ്പൊലിയേന്തിയ ബാലികമാരുടെ പട്ടുമേലാപ്പും കുടയും പിടിച്ചുള്ള ക്ഷേത്രപ്രദക്ഷിണം, പട്ടോലവായന എന്നിവനടക്കുന്നു. കൊട്ടുമ്പുറത്ത് കാക്ക വിളക്കുകൾ നിറഞ്ഞു കത്തുന്ന ഈ അസുലഭനിമിഷം വർണനാതീതമാണ്.

ക്ഷേത്രകമ്മിറ്റി കഴിഞ്ഞ 10 വർഷമായി ദീപാർച്ചന എന്ന പരിപാടി നടത്തിവരികയാണ്. ക്ഷേത്രക്കുളത്തിന്റെ ചുറ്റുമതിൽ നടപ്പാതയുടെ അരികിൽ, നടപ്പാതയുടെ അരമതിലിനു മുകളിൽ 1000 ചെറിയ വിളക്ക് വെക്കുകയും ക്ഷേത്രത്തിൽ ദീപം തെളിയുന്നതോടെ ഈ 1000 തിരികൾ പ്രാർത്ഥനാപൂർവ്വം ദീപാർച്ചന നടത്തുന്ന ചടങ്ങാണിത്‌.

ദീപം ഒന്നിന് 10 അടച്ച് പേരും നാളും വെച്ച് രശീതി ക്ഷേത്രക്കമ്മിറ്റി ഓഫീസിൽ നിന്ന് കൈപ്പറ്റേണ്ടതാണ്. എണ്ണയും തിരിയും ക്ഷേത്രം വക നൽകും.

12 Feb 2020

മകരം 30

മുപ്പതിനു പുലർച്ചെ ആറ് മണിയോടെ പുള്ളിക്കരിങ്കാളി ഭഗവതിയെ ക്ഷേത്രാങ്കണത്തിലേക്ക് ആയിരത്തിരിയും പട്ടുമേലാപ്പുമായി

സ്വീകരിക്കുന്നു. മൂന്നുവട്ടം പ്രദക്ഷിണം വെച്ച് ആയിരത്തിരി തെക്ക് വശത്തുള്ള തറയിൽ നിക്ഷേപിക്കുകയും ഭഗവതിയുടെ പൊയ്ക്കണ്ണ് മാറ്റുകയും ചെയ്യുന്നു. ഈ ചടങ്ങ് കാലത്ത് 7 മണിയോടെ അവസാനിക്കുന്നു. കാലത്ത് ഉദ്ദേശം 9 മണിക്ക് പുല്ലൂർകാളി (പുലിത്തെയ്യം) തിരുമുടിയേറുന്നു. പുലിയോട് സാദൃശ്യമുള്ള കോലവും കലശാട്ടവും സവിശേഷതയാർന്നതാണ്. ഉദ്ദേശം 10.30 മണിക്ക് ഈ തെയ്യത്തിന്ടെ ചടങ്ങുകൾ തീരുന്നു. 12 മണിയോടെ പുലിക്കണ്ണൻ ദൈവം വരവായി. തുടർന്ന് 2 മണിയോടെ പുല്ലൂർകണ്ണൻ ദൈവവും തിരുമുറ്റത്തെത്തുന്നു. 'ചൊല്ലിക്കീക്കൽ' ചടങ്ങ് ഈ ദൈവത്തിന്ടെ അനുഷ്ടാനങ്ങളിൽ മുഖ്യമാണ്. മുടിയഴിക്കുന്നതിനു മുമ്പേയുള്ള 'കേൾപ്പിക്കാൻ' ചടങ്ങ് വളരെയേറെ ഗൗരവമാർന്നതും ദിവ്യാനുഭൂതിയും ആത്മനിർവൃതിയും പകരുന്നതുമാണ്. ഭക്തന്മാർക്ക് ഇഷ്ടവരദാനം നൽകി ആചാരപ്രകാരമുള്ള തേങ്ങ പൊളിക്കൽ ചടങ്ങിനും കാവുകലശമാടലിനും ശേഷം അന്നത്തെ ചടങ്ങുകൾ അവസാനിക്കുന്നു.

13 Feb 2020

മകരം 31

മകരം 31 പുലർച്ചെ 5 മണിക്ക് നൈവേദ്യങ്ങൾ തെക്കിനി പടിഞ്ഞാറ്റയിലെ ദൈവങ്ങൾക്ക് അർപ്പിക്കുന്നതോടെ ചടങ്ങുകൾ

ആരംഭിക്കുകയായി. പുലിമുത്തപ്പൻ, പുലിമുത്താച്ചി എന്നീ തെയ്യങ്ങളുടെ മുടിയേറുന്നു. അതോടൊപ്പം തന്നെ കല്ലിങ്കൽ, പൂക്കുലവൻ തെയ്യത്തിന്ടെ തോറ്റവും നടക്കുന്നു. തോറ്റങ്ങൾക്ക് ശേഷം എമ്പ്രാന്ടെ തിരുനൃത്തത്തിനും മറ്റ് ആചാരപ്രകാരമുള്ള ചടങ്ങുകൾക്കും ശേഷം ഉദ്ദേശം രണ്ടരമണിയോടെ കല്ലിങ്കൽ പൂക്കുലവൻ ദൈവത്തിന്ടെ തിരുമുടിയായി. ചെറുക്കൻ സ്ഥാനത്തിന് മുമ്പിൽ വെച്ചാണ് മുടിയേറ്റം നടക്കുന്നത്. ഊരാളന്മാർ തിരുവായുധം നൽകി സ്വീകരിച്ച് ക്ഷേത്രാങ്കണത്തിലേക്ക് ആനയിക്കുന്നു. പൂഴിത്തരി വീണാൽ കേൾക്കുന്ന നിശബ്ദതയും ജനസാന്ദ്രതയും കൊണ്ട് തിരുമുറ്റം പോലും വീർപ്പുമുട്ടുന്ന അത്യനഘ നിമിഷം. നൈദാഘോഷ്മളതയിൽ ആകാശവും ഭൂമിയും ചുട്ടുപഴുക്കുമ്പോഴും തണലേകി, കുളിരേകി നിൽക്കുന്ന വനമഞ്ജിമയിൽ എല്ലാം മറന്ന് നിൽക്കുന്ന- ദേവ മൊഴി കേൾക്കാൻ കാതോർത്തുനിൽക്കുന്ന ഭക്തജനങ്ങളുടെ കൂടിച്ചേരൽ അപൂർവം ചിലസ്ഥലങ്ങളിൽ മാത്രമേ കാണാറുള്ളു. ഉദ്ദേശം നാല് മണിയോടെ പരിവാരസമേതം നാട് വലംവെക്കൽ ചടങ്ങിനായി ദൈവം പുറപ്പെടുകയുണ്ടായി. പൗരാണികകാലം മുതലേ സന്ദർശിക്കുന്ന ഗൃഹങ്ങളിലേക്കാണ് എഴുന്നള്ളുന്നത്. ക്ഷേത്രത്തിൽ നിന്ന് പുറപ്പെടുന്നതിന് മുമ്പ് ചെറുക്കനേയും ചങ്ങാതിയേയും അയപ്പിക്കൽ ചടങ്ങ് ഹൃദയസ്പൃക്കാണ്. പിലാക്കാവിൽ നിന്നും ആരംഭിക്കുന്ന ഗൃഹസന്ദർശനം അടുത്ത ദിവസം പുലർച്ചെ മൂന്നുമണിയോടെ ഉരുവക്കുന്നുമ്മൽ തറവാട്ടിൽ അവസാനിപ്പിച്ച് കാവിൽ തിരിച്ചെത്തുന്നു. ഇതിനിടയിൽ ആയില്ല്യത്ത് ക്ഷേത്രസന്ദർശനവും അമ്പിളിയാട്ട് ക്ഷേത്രത്തിന് മുന്നിലെ മുടിവണങ്ങലും പ്രത്യേകം പ്രസ്താവ്യമാണ്. ആയില്ല്യത്ത്, മേൽ വീട്ടിൽ കർത്താക്കന്മാരുടെ ആരൂഢസ്ഥാനമാണെന്ന് ഇത്തരുണത്തിൽ ഓർമ്മിപ്പിക്കട്ടെ. ദൈവം മൂന്നു പ്രാവിശ്യം ക്ഷേത്രം വലംവെച്ച് പീഠത്തിൽ ഉപവിഷ്ഠനാവുകയും തത്സമയം എമ്പ്രാൻ തറമ്മൽ അടിയന്തിരം നടത്തുകയും ചെയ്യുന്നു.അതിനുശേഷം ദൈവം ചങ്ങാതിയെ അയപ്പിച്ച് ക്ഷേത്രനട അടക്കുകയും ഗുരുവിനെ വന്ദിച്ച് ചെറുക്കനെ അയപ്പിക്കുന്ന ഭക്തിസാന്ദ്രമായ ചടങ്ങ് ആരംഭിക്കുന്നു. തിരുവായ്മൊഴിക്കുശേഷം ദേവൻ വാദ്യഘോഷങ്ങളോടെ കല്ലിൽ പടിഞ്ഞാറ്റയിലേക്കുപോകുന്നു. പോകുന്നവഴി തീർത്ഥകുളത്തിലിറങ്ങി അരിയും കുറിയും ഇട്ടു കാൽ കഴുകുന്നു.

14 Feb 2020

കുംഭം 1

പുലർച്ചെ ഉദ്ദേശം 5 മണിയോടെ കല്ലിൽ പടിഞ്ഞാറ്റയിലെത്തി വാദ്യക്കാർക്കും കോലക്കാർക്കും കോളു കൊടുത്തശേഷം ദേവനെ

അകത്തു കൂട്ടൽ ചടങ്ങുനടത്തി തിരുമുടി അഴിക്കുന്നതോടെ ഉത്സവാഘോഷങ്ങൾക്ക് തിരശ്ശീല വീഴുന്നു. തൊട്ടടുത്ത വെള്ളിയോ,ചൊവ്വയോ വരുന്ന ദിവസമാണ് "കരിയിടിക്ക" വ്രതം നോറ്റ ഊരാളന്മാരും വ്രതം മുറിക്കുന്നത് അന്നാണ്.

15 Feb 2020

കർക്കിടകം 28

കർക്കിടകം 28ന് നടക്കുന്ന വെള്ളാട്ടം അടിയന്തിരം ഒരു പ്രധാന അനുഷ്ഠാനമാണ്. കരിന്ത്ര് കണ്ണൻ, കാളപ്പുലിയൻ, പുലികണ്ണൻ,

പുല്ലൂർകണ്ണൻ, കല്ലിങ്കൽപൂക്കുലവൻ എന്നീ അഞ്ചു ദൈവങ്ങളുടെ വെള്ളാട്ടം മാത്രമെ പതിവുള്ളു. കുളിച്ചെഴുന്നള്ളുന്നതും നടക്കുന്നു.

13 Aug 2020

തുലാം 10

തുലാവം പത്തിന് ബ്രഹ്മശ്രീ വെള്ളൂർ ഇല്ലം തന്ത്രി വര്യരുടെ കാർമ്മികത്വത്തിൽ ഗണപതിഹോമവും പായസനൈവേദ്യവും, നാഗത്തിൽ

കൊടുക്കലും നടക്കുന്നു. ഗുളികന് പ്രത്യേകപൂജയും നടക്കുന്നു. മകരപുത്തരിയുടെ വഴിപാട് ചടങ്ങുകളും നടക്കുന്നു. ഈ ദിനം നാഗപ്രതിഷ്ടാദിനം കൂടിയാണ്.

27 Oct 2020