ഇരിവേരി
ശ്രീ പുലിദേവ ക്ഷേത്രം

ശ്രീവ്യാഘ്രരൂപധരായ പരബ്രഹ്മണേ നമഃ

ചരിത്രം

ഇരിവേരി ശ്രീ പുലിദേവ ക്ഷേത്രം ദേവതാ സങ്കൽപ്പം തമ്മപ്പനും തമ്മരവിയും (ശിവ,പാർവതിയും) മക്കളും

എങ്ങു നിന്നോ ആരംഭിച്ച്‌ എവിടെയോ അവസാനിക്കുന്ന അനന്തവിസ്മാപകമായ കാലവിഥിയിലൂടെ വിശ്വപ്രകൃതിയാൽ തൻ്റെ ജൈത്രയാത്ര തുടർന്നു കൊണ്ടേയിരിക്കുകയാണ്. ഭൂമിയിൽ അധിവസിക്കുന്ന മനുഷ്യർക്ക് നന്മ വരുത്തി അവരെ നേരായ മാർഗം നടത്തി പരിപാലിക്കാൻ അവതാരങ്ങളുണ്ടായിരുന്ന കാലം. എപ്പോൾ എവിടെ ധർമത്തിനു ഗ്ലാനി സംഭവിക്കുന്നുവൊ അപ്പോൾ അവിടെ ശത്രുസംഹാരത്തിനായി ദേവിദേവന്മാരും അവരുടെ വംശഗണങ്ങളും അവതരിച്ചതായി പുരാണേതിഹാസമായാലും ചരിത്രമായാലും കൂലങ്കഷമായി പരിശോധിച്ചാൽ കാണാവുന്നതാണ്. വടക്ക് തൃക്കണ്ണിയാർ ക്ഷേത്രസമുച്ചയത്തിൽ മുപ്പത്തിമുക്കോടി ദേവീദേവന്മാർ എഴുന്നള്ളിയെന്നും അവരൊക്കെ അതാത് കാലത്ത് ഭൂമിയിലെ മനുഷ്യരുടെ സംരക്ഷണത്തിനായി എത്തിയവരാണെന്നും കാണാവുന്നതാണ്.

നാടേ പ്രതിപാദിച്ച കാലത്തിന്റെ ദശാസന്ധിയിലെവിടെയോ വെച്ചു ഭൂമിയിലേക്ക് അവതരിച്ച സർവ്വേശ്വരനും സർപ്പമാലിയുമായ ശിവന്റേയും പാർവ്വതിയുടേയും കഥയും വിളംബരം ചെയ്യുന്നത് ഇത് തന്നെയാണ്. ഒരുനാൾ പരമശിവനും പാർവതിയും (തമ്മപ്പനും തമ്മരവിയും) പുലിവേഷം ധരിച്ച് ആകാശമാർഗ്ഗേന ഭൂമിയിൽ വരികയും നിബിഢവനങ്ങളിലൂടെ സഞ്ചരിച്ച് വടക്കു മഞ്ചെട്ടിയാൻകുന്നും മായട്ടിയാൽ പാറയും ഇടിമുഴക്കുന്ന കുന്നും നരിനിരങ്ങുന്ന മലയും താണ്ടി രാമപുരത്ത് മഠവും രാമപുരത്ത് പള്ളിയറയും തുളുമഠവും കടന്നും അവിടെയൊക്കെ ആധാരം കൽപ്പിച്ചും സഞ്ചരിക്കവെ താതനാർ കല്ലിന്റെ താഴ്‌വരയിൽ അരയോളം ആഴത്തിൽ മടമാന്തി ഐവരോളം(അഞ്ചോളം) പുലിക്കിടാങ്ങളെ പ്രസവിക്കുകയും അതിനുശേഷം പുലിക്കിടാങ്ങളോടൊത്തു തുള്ളിച്ചാടികളിച്ചുരസിച്ചുവരവെ പുലിക്കുഞ്ഞുങ്ങൾക്ക് കഠിനമായ ദാഹവും വിശപ്പും ഉണ്ടാവുകയും ഏഴരനാഴികരാചെന്നപ്പൊൾ ഏഴുതൊഴുത്തും നിറയെ പശുക്കളുമുള്ള കൂറുമ്പ്രാന്തിരി വാഴുന്നവരുടെ കയ്യാലയിൽ ചെല്ലുകയും ഒരാലയിലുള്ള മുഴുവൻ പശുക്കളെയും കുട്ടികളെയും ഭക്ഷിച്ചു വിശപ്പും ദാഹവും തീർത്തു മടങ്ങുകയും ചെയ്യുന്നു. പിറ്റേന്നാൾ പുലർന്നപ്പോൾ ഏഴാലകളിൽ ഒന്നിലുള്ള മുഴുവൻ പശുക്കളെയും കുട്ടികളെയും കാണാതെ പോയതിൽ കുറുമ്പ്രാന്തരി ദുഃഖിക്കുകയും കോപിക്കുകയും ചെയ്യുന്നു. തന്റെ പടനായകനായ കരിന്തിരി നായരെ വിളിച്ചു പശുക്കളെ കൊന്നുതിന്ന പുലികളെ കണ്ടുപിടിച്ചു വകവരുത്താൻ കല്പിച്ചയച്ചു. കാണി വില്ലും ശരവും തൊഴുതെടുത്തു കരിന്തിരിനായർ പുറപ്പെടുന്നു. ചന്ദ്രേരൻമാക്കൂൽ എന്ന സ്ഥലത്ത് എത്തി ഒളിച്ചമഞ്ഞ് നിൽക്കവെ, ഏഴരരാചെന്നപ്പോൾ തമ്മപ്പനും തമ്മരവിയും പുലിക്കിടാങ്ങളോടൊത്ത് തുള്ളിച്ചാടി രസിച്ചുവരുന്നതുകണ്ടു കരിന്തിരിനായർ അമ്പും വില്ലും തൊടുത്തു ഉന്നം വെച്ചു നിന്നു. എന്നാൽ എല്ലാം അറിയുന്ന തമ്മപ്പൻ ചാടിവീണു അമ്പും വില്ലും തട്ടികളയുകയും കൂടെയുള്ള കാളപ്പുലിയൻ കോപാക്രാന്തനായി കരിന്തിരിനായരെ പിളർന്നു ഭക്ഷിക്കുകയും ചെയ്തു. തത്സമയം അശരീരിപോലെ കരിന്തിരിനായരുടെ ആത്മാവ് ഇങ്ങനെ മൊഴിയുന്നതുകേട്ടു. "ഞാനെന്ത് അപരാധം ചെയ്തു. എന്റെ യജമാനന്റെ ഉപ്പും ചോറും തിന്നു വളർന്ന എനിക്ക് കൽപ്പന അനുസരിക്കേണ്ടിവന്നു ഞാനതിൽ കുറ്റക്കാരനല്ല" സ്വാമിഭക്തിയിൽ സന്തുഷ്ടനും ദിവ്യദൃക്കുമായ തമ്മപ്പൻ കരിന്തിരിനായരുടെ കുറ്റം പൊറുക്കുകയും മോക്ഷം നൽകി അനുഗ്രഹിക്കുകയും, ഇനിമേൽ കരിന്ത്രികണ്ണനായി അറിയപ്പെടുമെന്നരുൾ ചെയ്ത് കൂടെക്കൊണ്ടുപോവുകയും ചെയ്തു.

അടുത്ത ദിവസം കാലത്ത് കുറുമ്പ്രാന്തിരി വാഴുന്നവർ കരിന്തിരി നായർ തിരിച്ചു വരാത്തതിൽ അതീവ ദുഃഖിതനാവുന്നു. അങ്കചേകവരെയും മറ്റും പടയാളികളെയും കൂട്ടി പള്ളിത്തേരും കുടയുമായി കരിന്തിരിനായരെ തിരക്കിപുറപ്പെടുന്നു. ചന്ദ്രേരൻ മാക്കൂൽ എത്തിയപ്പോൾ മനുഷ്യന്റെ ചോര മണക്കുന്ന എല്ലും കൊട്ടും കാണുകയും അത് കരിന്തിരിനായരുടേതാണെന്ന് തിരിച്ചറിയുകയും ചെയ്യുന്നു. അവിടെ നിന്നും ദുഃഖിതനായി പുറപ്പെടാൻ നേരത്ത് പള്ളിത്തേരും കുടയും എടുക്കുവാനാവാതെ വരികയും, തത്സമയം കുറുമ്പ്രാന്തിരി വാഴുന്നവർ ഇവിടെയങ്ങിനെ ഒരു ശക്തിയുണ്ടെങ്കിൽ എന്റെ കൂടെവരട്ടെ എന്നു പറഞ്ഞതോടുകൂടി തേരും കുടയും എടുക്കാൻ സാധിക്കുകയും അവരുടെ കൂടെ അദൃശ്യരായ പുലി ദൈവങ്ങൾ കുറുമ്പ്രാന്തിരികോട്ടയിൽ വരികയും അവർക്ക് അവിടെ നിന്നും താലപ്പൊലിയും, പുള്ളിയും, പുതുക്കലവും, വെള്ളപ്പവും, തണ്ണീരമൃതും, തേങ്ങാപ്പൊളിയും, വെള്ളികിണ്ടിയിൽ പൂവും നീരും നൽകി ആദരിക്കുകയും ആയത് സ്വീകരിക്കുകയും ചെയ്യുന്നു. പിന്നീട് ഇപ്പോൾ കണയനൂരിലുള്ള മലയാളം കുന്നുവരിക്കപിലാവ് ആധാരമായി തേർതാണ് മൂലേരി അധിഷ്ടാനത്തിൽ എത്തി ഒരു പീഠവും കൊടിനാക്കിലയും ആവിശ്യപ്പെടുന്നു. എന്നാൽ പുലിക്കും മക്കൾക്കും ഇരിക്കാൻ ഇടം കൊടുത്താൽ കാലുനീട്ടും എന്നു പറഞ്ഞു ആവിശ്യം തള്ളികളയുന്നു. തൽഫലമായി അവിടെ പ്രതിഷ്ഠിക്കപ്പെട്ട ഗണപതി വിഗ്രഹത്തിൽ മുണ്ടൻ ചേരയെ ചൊറയിപ്പിക്കുകയും കണ്ടിക്കു കല്ലും മുള്ളും വെപ്പിക്കുകയും കോണിയും പാലവും വലിപ്പിക്കുകയും ഗണപതിയാരുടെ എമ്പ്രാന് പേയും ഭ്രാന്തും കൽപ്പിക്കുകയും ചെയ്യുന്നു. അങ്ങിനെ നാനാവിധമായ ദുർലക്ഷണങ്ങൾ ഉണ്ടാവുന്നു.

വിവരം നാടൊട്ടുക്കും കാട്ടുതീപോലെ പരക്കുന്നു. കരിമ്പിയിൽ മേലായിയും മേപ്പള്ളിവീട്ടിൽ കർത്താക്കന്മാരും മൂന്നുവഴികാരണവന്മാരായ (കാവുങ്കൽ കാരണവർ, ഉരുവക്കുന്നുമ്മൽ കാരണവർ, കാര്യടത്ത് കാരണവർ) നാലുവഴി കാരണവന്മാരായ (തറയിൽ കാരണവർ) കിഴക്കേ വളപ്പിൽ കാരണവർ, മന്ദമ്പേത്ത് കാരണവർ, കുന്നുമ്മൽ കാരണവർ, എമ്പ്രാണ്ടി കാരണവരും കൂടിച്ചേർന്ന് ആലോചന നടത്തുന്നു. അതു പ്രകാരം കരിമ്പിയിൽ മേലായിയുടെ ആസ്ഥാനത്ത് ക്ഷേത്രം പണിയാനും ഈ സന്നാഹങ്ങൾ ആരംഭിക്കുകയും വൻ ഉരുപ്പടികളും മറ്റും സമാർജിക്കുകയും ചെയ്യുന്നു. എന്നാൽ ഒറ്റ രാത്രികൊണ്ട് ആന വലിച്ചാൽ നീങ്ങാത്ത മരങ്ങളും മറ്റും അത്ഭുതകരമാം വണ്ണം ഇന്നു കാവ് സ്ഥിതി ചെയ്യുന്ന സ്ഥലത്ത് എത്തിപെട്ടതായി കണ്ടു. ദേവപ്രെശ്നത്തിൽ ഏറ്റവും ഉത്തമമായ സ്ഥലമാണിതെന്നും ക്ഷേത്രം ഇവിടെ തന്നെ പണിയണമെന്നും കണ്ടു. അതുപ്രകാരം കൈലാസസമം സുന്ദരവും പരിശുദ്ധവുമായ ഈ പുണ്യഭൂമിയിലേക്കു ദേവീദേവന്മാരെ ആയിരത്തിരിയും, താലപ്പൊലിയും, പുള്ളിയും, പുതുക്കലവും, വെള്ളപ്പവും, തണ്ണീരമൃതും, തേങ്ങാപ്പൊളിയും, തിരുവപ്പനയും, വെള്ളികിണ്ടിയിൽ പൂവും നീരും വെച്ചു ആദരിച്ചാനയിക്കുകയും ആയതിൽ സന്തുഷ്ടനായ മഹാദേവൻ അവിടെ നാലുകഷണം കല്ലും മരവും ചെത്തി കെട്ടിച്ചും പുണ്യാഹവും കലശവും ചെയ്യിക്കുകയുമുണ്ടായി. തമ്മപ്പനും തമ്മരവിയും,പുലിമക്കളും കരിന്തിരിക്കണ്ണനും ശക്തിസ്വരൂപിണികളായി ഭക്തജനങ്ങൾക്ക് അഭീഷ്ടവരദാനം നൽകി പോരുകയും ചെയ്യുന്നു.

പുള്ളിക്കരിങ്കാളി പരദേവത

സപ്തജവാനാശ്വം വലിക്കുന്ന കാലരഥവേഗം. ഇടയിൽ എവിടെയോ വച്ച് കാലപുരുഷൻ ശ്രീ പരമേശ്വരന്റെ (തമ്മപ്പൻ) പ്രേജ്വലമായ മൂന്നാം തൃക്കണ്ണിൽ നിന്നു പൊന്നും പഴുക്കപോലെ തോന്നിക്കുന്ന പുള്ളിക്കരിങ്കാളി പരദേവതയെ സൃഷ്ടിക്കുന്നു. "ഈ അനവദ്യസുന്ദരമായ സൃഷ്ടിയിലൂടെ എന്നെ ഏൽപ്പിക്കുന്നു ദൗത്യം എന്താണെന്നു" ശ്രീപരമേശ്വരനോട് പുള്ളിക്കരിങ്കാളി ചോദിച്ചപ്പോൾ നീയും ഭൂമിയിലേക്ക് പോവുക മനുഷ്യരാശിയുടെ സംരക്ഷണത്തിനും ദുഷ്ടനിഗ്രഹത്തിനും വേണ്ടി പ്രവർത്തിക്കുക എന്നും പറയുന്നു. ശംഖും ചക്രവും തിരുവായുധങ്ങളും ഭണ്ഡാരത്തിൽ നിന്നും ഇരുന്നാവൂരി കുരുമുളകും കനകരത്നങ്ങളും നൽകി അയക്കുന്നു. ശ്രീ മഹാദേവനെ വലംവെച്ചു ഒരു ഞാറാഴ്ച്ച നട്ടുച്ചക്ക് ഓരിലവേരാകുന്ന നൂൽവഴി വടക്കു തൃക്കണ്ണിയാൾ കൊടിമരത്തിൻ കീഴിൽ ഒറ്റത്തണ്ടേൻ തേരിലിറങ്ങുന്നു. അവിടെനിന്നു മലനിരകളിലൂടെ പട്ടാന്നൂര്, ചൂളിയാട് കോലത്ത് നാട് എന്നിവിടങ്ങളിൽ ചുറ്റി സഞ്ചരിച്ചു. ഇടി മുഴങ്ങും കാടും, നരി മുഴങ്ങും ചാലും ചേരുന്ന അതിർത്തിയിൽ എത്തിയപ്പോൾ കാലിക്കച്ചവടത്തിനു വയനാട്ടിലേക്കു പോകുന്ന ഉരുവക്കുന്നു തണ്ടയാൻ കാണുകയും കുമ്പിട്ടു വീണുവണങ്ങുകയും ചെയ്യുന്നു.

"ആചാരമേതും കുറവില്ലെടോ
ഉരുവക്കുന്നത്ത് തണ്ടയാനെ
നീ പോന്ന കാര്യം ഞാനറിയുന്നുണ്ട്
നീ പോന്ന കാര്യം ഞാൻ സാധിച്ചുതരുന്നുണ്ട്"

എന്നു പറയുന്നു. കാര്യം സാധിച്ച് തിരിച്ചു വരുമ്പോൾ പുള്ളിമലക്കോട്ട താഴ്‌വഴി പോരണമെന്നു പറയുന്നു. അതിനുശേഷം ഉരുവക്കുന്നത്ത് തണ്ടയാൻ കാലിച്ചന്തയിൽ എത്തി പത്തിനു പതിനാറായി കാര്യം സാധിച്ചു വെളെളരുതുകളെ വിലക്കുവാങ്ങി മടങ്ങി വരവെ ഇടിമുഴങ്ങും കാടും നരി മുഴങ്ങും ചാലും ചേരുന്ന സ്ഥലത്ത് എത്തിയപ്പോൾ വെളെളരുതുകൾ വിറളുകയും പേടിക്കുകയും ചെയ്യുന്നു. അപ്പോൾ അശരീരിപോലെ "തണ്ടയാൻ പേടിക്കേണ്ട ഞാനുമുണ്ട് കൂടെ" എന്നു കേൾക്കുന്നു. അങ്ങിനെ തണ്ടയാന്റെ കൂടെ പുറപ്പെട്ട പുള്ളിക്കരിങ്കാളി പരദേവത പന്ത്രണ്ട് വർഷക്കാലം ഉരുവക്കുന്നത് തണ്ടയാന്റെ ഭദ്രദീപം കണ്ട് ഒറ്റത്തലച്ചി ആലിന്റെ തണലിൽ കഴിയുന്നു. ആ കാലഘട്ടത്തിൽ മാരകമായ വസൂരിയും മറ്റും വന്ന് കൊങ്കിണിത്തെരുവ് മുടിയുന്നു. വസൂരിമാലവന്ന് കൊങ്കിണി തെരുവ് മുടിയാൻ കാരണം ഉരുവക്കുന്നത്‍ തണ്ടയാനാണെന്നും അതുകൊണ്ട് അയാളെ കൊല്ലണമെന്നും നാടുവാഴികളും മറ്റും തീരുമാനിക്കുന്നു. വിവരമറിഞ്ഞ് തണ്ടയാൻ ദേവിയുടെ അടുത്ത് ശരണം പ്രാപിക്കുന്നു. നീ ഭയപ്പെടേണ്ട കൂടെ ഞാനുണ്ട് എന്ന് ദേവി അരുളിച്ചെയ്യുകയും ശത്രുക്കളിൽ നിന്നും തണ്ടയാനെ രക്ഷിക്കുകയും ചെയ്യുന്നു. അതിനുശേഷം സത്യസന്ധരും ധർമാത്മാക്കളുമായ കരിമ്പിയിൽ മേലായിയും മേല്പ്പള്ളിവീട്ടിൽ കർത്താക്കന്മാരും മൂന്നു വഴികാരണവന്മാരും നാലുവഴി വഴികാരണവന്മാരും വന്ന് ആയിരത്തിരിയും താലപ്പൊലിയും, പുള്ളിയും, പുതുക്കലവും, വെള്ളപ്പവും, തണ്ണീരമൃതും, തേങ്ങാപ്പൊളിയും, തിരുവപ്പനയും, വെള്ളികിണ്ടിയിൽ പൂവും നീരും വെച്ചു എതിരേൽക്കുകയും പുലിദൈവങ്ങളുടെ ആവാസസ്ഥാനമായ ഈ മഹാക്ഷേത്രത്തിലേക്ക് എതിരേൽക്കുകയും വടക്കിനിമേൽമാടത്തിൽ ഉചിതമായ സ്ഥാനത്ത് പീഠം വെപ്പിച്ച് ഭക്തർക്ക് ദർശോത്ഥനിർവൃതി പകരുകയും ചെയ്യുന്നു.

കല്ലിങ്കൽ പൂക്കുലവൻ ദൈവം

കാലചക്രത്തിന്റെ ആരക്കാലുകൾ ഉരയുമ്പോൾ ഉയരുന്ന സൗകുമാര്യമായ ശബ്‌ദം കേട്ടു ദിക്കുകൾ കോരിത്തരിക്കുന്നു. ഭഗവാൻ ശ്രീ പരമേശ്വരന്റെ (തമ്മപ്പൻ) കാലാവൈഭവം പ്രപഞ്ചചക്രവാളങ്ങളിൽ സപ്തവർണ്ണാങ്കിതമായ അമൂല്യചിത്രങ്ങൾ മെനയുന്ന മുഹൂർത്തം. ബ്ബ്രഹ്മമണ്ഡലം, വിഷ്ണുമണ്ഡലം, ആദിത്യമണ്ഡലം, ചന്ദ്രമണ്ഡലം എന്നിവയെ സാക്ഷിയാക്കി ഭഗവാൻ അനിർവചനീയമായ ആനന്ദത്തോടെ ഒരു പ്രത്യേക സൃഷ്ടിയിൽ ഏർപ്പെട്ടിരിക്കുകയാണ്. ആയതിൽ സർവഗുണസമ്പന്നനായ പൊന്മകൻ ജനിക്കുന്നു. തന്റെ സൃഷ്ടി എന്തിനുവേണ്ടിയാണെന്ന് പൊന്മകൻ ചോദിക്കുന്നു. അതോ എനിക്ക് പൂവാരാധന, പുഷ്പാഞ്ജലി എന്നിവ കഴിക്കേണ്ടതുണ്ട്. അതിനായി ധാരാളം പൂവുകൾ വേണം. നിന്നെ തോറ്റിച്ചത് അതിനാണ്. ഇതു കേട്ടമാത്രയാൽ പൊന്മകൻ പൂപ്പൊലികയുമായി തേർത്തട്ടിലേറി പുറപ്പെടുന്നു. പൂക്കളാൽ സമൃദ്ധങ്ങളായ താമരപൊയികയിലും വനാന്തരങ്ങളിലും എത്തി, താമര എരിഞ്ഞി, കുറുഞ്ഞി, ചെക്കി എന്നിവയും മറ്റും വിവിധ സുഗന്ധ സുന്ദര പുഷ്പങ്ങളിലൂടെ പൂക്കുലകളുമായി വരുന്നു. ഇത് കണ്ട് മനം തെളിഞ്ഞ തമ്മപ്പൻ പൂക്കുലവാ, പൂക്കുലവാ എന്ന് സ്നേഹവാത്സല്യങ്ങളോടെ വിളിക്കുന്നു. അതിനുശേഷം തമ്മപ്പൻ കുളത്തിലിറങ്ങി കൂടെ പൊൻമകനും കുളികഴിഞ്ഞുവരുന്നു. തമ്മപ്പൻ പൂവാരാധനയ്ക്ക് ഇരിക്കുന്നേരം പൊൻമകനും പൂവാരാധനയ്ക്ക് ഇരിക്കാൻ ഭാവിക്കവേ, മകനേ പൂവാരാധനക്കും പുഷ്പാഞ്ജലിക്കും നിനക്കു നേരമില്ല. നീ നേരെ ധർമ്മഭൂമിയിലേക്ക് പോകണം. മനുഷ്യരാശിയുടെ ക്ഷേമവും സംരക്ഷണവും ചെയ്യണമെന്ന് പറയുന്നു. തനിയെ ഞാനെങ്ങനെ പോകും തമ്മപ്പാ എന്നുപറഞ്ഞപ്പോൾ നീ എന്റെ ചെറുക്കനെ (ഗുളികൻ) കൂട്ടിക്കോളൂ. ഞങ്ങളും വരുന്നുണ്ട് എന്നുപറഞ്ഞ പ്രകാരം പൊന്മകൻ ചെറുക്കനോടുകൂടി ഒറ്റത്തണ്ടേൻ തെരിലും ശിവ, പാർവതിമാർ(തമ്മപ്പൻ, തമ്മരവി) പച്ചക്കുതിരപ്പുറത്തും കയറി ഭൂമിയിലേക്ക് വരികയും കല്ലിൽ പടിഞ്ഞാറ്റയിൽ തേരിറങ്ങുകയും ചെയ്യുന്നു. അവിടെനിന്ന് അല്‌പം പടിഞ്ഞാറുമാറി കുളിർത്തോരു വൃക്ഷവും കുളിർമ്മയുള്ള സ്ഥലവും കാണുകയും അവിടേക്ക് പുറപ്പെട്ട ദേവീദേവന്മാരെ കരിമ്പിയിൽ മേലായിയും മേപ്പള്ളിവീട്ടിൽ കർത്താക്കന്മാരും, മൂന്നുവഴികാരണവന്മാരും, നാലുവഴികാരണവന്മാരും താലപ്പൊലിയും, പുള്ളിയും, പുതുക്കലവും, വെള്ളപ്പവും, തണ്ണീരമൃതും, തേങ്ങാപ്പൊളിയും, വെള്ളികിണ്ടിയിൽ പൂവും നീരും വെച്ചും ഭക്ത്യാദരപൂർവ്വം എതിരേൽക്കുകയും തുടർന്ന് ഈ മഹാ ക്ഷേത്രത്തിലേക്ക് എഴുന്നള്ളിക്കുകയും ഇരിവേരിക്കുന്ന് ശ്രീ കൈലാസമാകുന്ന ഈ പുണ്യഭൂമിയിൽ നാടേ ഉണ്ടായിരുന്ന ക്ഷേത്രത്തിൽ ദേവസ്ഥാനങ്ങൾ കണ്ടെത്തി പുലിക്കിടാങ്ങൾക്ക് മേൽമാടവും കീഴ്മാടവും നാട്ടിച്ചു വടക്കിനി പടിഞ്ഞാറ്റ നാട്ടിച്ചു കാക്ക വിളക്കിൽ ദീപവും വെപ്പിച്ചു. വടക്കിനിമേൽമാടത്തിൽ പുള്ളിങ്കിരിങ്കാളി പുല്ലൂർ കാളിയും കീഴ്മാടത്തിൽ കരിന്ത്ര് കണ്ണൻ, കാളപ്പുലിയൻ, പുലിക്കണ്ണൻ, പുല്ലൂർ കണ്ണൻ എന്നിവർക്കും പടിഞ്ഞാറ്റയിൽ പുലിമുത്തപ്പൻ പുലിമുത്താച്ചി(തമ്മപ്പൻ, തമ്മരവി) പൊന്മകൻ (കല്ലിങ്കൽ പൂക്കുലവൻ) എന്നിവർക്കും ക്ഷേത്രാങ്കണത്തിൽ തന്റെ സംരക്ഷകരായ ചെറുക്കനും (ഗുളികൻ) നാഗരാജാവിനും, നാഗകന്യകക്കും സ്ഥാനം നൽകുകയും ചെയ്തു. കൂടാതെ എല്ലാ ദൈവങ്ങളേയും യഥാവിധി ആയിരത്തിരിയും താലപ്പൊലിയും, പുള്ളിയും, പുതുക്കലവും,വെള്ളപ്പവും, തണ്ണീരമൃതും, തേങ്ങാപ്പൊളിയും, വെള്ളികിണ്ടിയിൽ പൂവും നീരും വെച്ച് ആദരിച്ച് ആനയിച്ച കാരണവസ്ഥാനികർക്ക് ഗുരുപീഠം നൽകിയും ശ്രീ മഹാദേവൻ ഇരിവേരിക്കുന്നു ശ്രീ കൈലാസത്തിൽ വിരാജിക്കുന്നു.

ഗണപതിയാർ

ഇരിവേരിക്കുന്ന് ശ്രീ കൈലാസം പുലിദേവക്ഷേത്രത്തിൽ ഉത്സവങ്ങളുടെ വേലിയേറ്റം നടന്ന ഒരു സുവർണ കാലഘട്ടമുണ്ടായിരുന്നു. ഉത്സവം കാണാൻ ദേവീദേവന്മാർ പോലും പരിവാരസമേതം എഴുന്നെള്ളിയിരുന്നു. ഒരു നാൾ കണയന്നൂർ മൂലേരി അധിഷ്ഠാനത്തിൽ നിന്നു ശ്രീ ഗണപതിയാർ ഈ പുണ്യ ഭൂമിയിലേക്കു മഹോത്സവം കാണാൻ പള്ളിത്തേരിലേഴുന്നള്ളിയെന്നും ഭയഭക്തി ബഹുമാനങ്ങളോടെ ക്ഷേത്രപാലകരായ കരിമ്പിയിൽ മേലായിയും മേപ്പള്ളി വീട്ടിൽ കർത്താക്കന്മാരും മൂന്നുവഴികാരണവന്മാരും, നാലുവഴികാരണവന്മാരും ഭക്തജനങ്ങളും ചേർന്ന് താലപ്പൊലിയും, പുള്ളിയും, പുതുക്കലവും, വെള്ളപ്പവും, തണ്ണീരമൃതും, തേങ്ങാപ്പൊളിയും, തിരുവപ്പനയും വെള്ളികിണ്ടിയിൽ പൂവും നീരും വെച്ചു എതിരേൽക്കുകയും ആതിഥ്യ മര്യാദകളോടെ വേണ്ട ആചാരാനുഷ്ഠാനങ്ങൾ നടത്തുകയും ചെയ്തു. ശ്രീ ഗണപതിയാർ അത്യധികം സന്തുഷ്ടനാവുകയും തന്റെ സാന്നിദ്ധ്യം ഇവിടെ എന്നുമുണ്ടാവുമെന്ന് അരുളപ്പാടുണ്ടാകുകയും ചെയ്തു. അതിഥിയായി എത്തിയതിനാലാണത്രെ എവിടെയും പ്രഥമഗണനീയനായ ശ്രീ ഗണപതിയാരുടെ പൊന്നും തിരുമുടി ആദ്യം തന്നെ ഈ തിരുമുറ്റത്ത് കെട്ടിയാടുന്നത്.