ഇരിവേരി
ശ്രീ പുലിദേവ ക്ഷേത്രം

ശ്രീവ്യാഘ്രരൂപധരായ പരബ്രഹ്മണേ നമഃ

ക്ഷേത്രത്തെക്കുറിച്ച്‌

പരിപാവനവും പരിരമ്യവുമായ ഇരിവേരിക്കുന്നു ശ്രീ കൈലാസം ആസ്ഥാനമായി സ്ഥിതി ചെയ്യുന്ന ശ്രീ പുലിദേവ ക്ഷേത്രത്തിന്റെ ഉൽപ്പത്തി ഏതു കാലയളവിൽ ആണെന്ന് പ്രതിപാതിക്കുവാൻ മതിയായ രേഖകളൊന്നും ഇതേവരെ ലഭ്യമായിട്ടില്ല. ഈ തിരുമുറ്റത്ത് കെട്ടിയാടുന്ന തെയ്യങ്ങളുടെ തോറ്റം പാട്ടിനേയും മറ്റും ആധാരമായി പരിശോധിച്ചാൽ ഈ മഹാക്ഷേത്രത്തിന്ടെ ശിലാന്യാസം നടന്നത് മഹാദേവ സാന്നിധ്യത്തിലാണെന്നു കാണുവാൻ കഴിയും.

ഒരുനാൾ ശിവപാർവ്വതിമാർ ദുഷ്ടനിഗ്രഹത്തിനും ശിഷ്ടപരിപാലനത്തിനും വേണ്ടി പുലി വേഷം ധരിച്ച് ഭൂമിയിൽ വന്നു എന്നും അവിടെ വച്ച് പുലിമക്കളെ പ്രസവിച്ചതായും കണയന്നൂർ മൂലേരി ശ്രീ ഗണപതി ക്ഷേത്രത്തിലെത്തിയ ദേവീദേവന്മാർക്ക് സ്ഥാനം നൽകി ആദരിക്കപ്പെടാത്തതിൽ കോപിഷ്ടരാവുകയും തൽഫലമായി ദുർലക്ഷണങ്ങളും അപകടങ്ങളും പലതും അവിടെ കാണപ്പെടാൻ ഇടവരികയും വിവരമറിഞ്ഞ് എത്തിയ പുണ്ണ്യാത്മാക്കളായ കരിമ്പിയിൽ മേലായിയും മേപ്പള്ളി വീട്ടിൽ കർത്താക്കന്മാരും മൂന്നു വഴി കാരണവന്മാരും ആയിരത്തിരിയും, താലപ്പൊലിയും പുള്ളിയും പുതുക്കലവും, വെള്ളപ്പം തണ്ണീരമൃതും തേങ്ങാപ്പൊളിയും വെള്ളിക്കിണ്ടിയിൽ പൂവും നീരും വെച്ച് നമിക്കുകയും കരിമ്പിയിൽ മേലായിയുടെ ആസ്ഥാനത് ക്ഷേത്രം പണിയാനുള്ള ഒരുക്കങ്ങൾ കൂട്ടുകയും അതിലേക്കാവശ്യമായ വലിയവലിയ ഉരുളൻ കണ്ടിമരങ്ങളും മറ്റു സാധന സാമഗ്രികളും ശേഖരിക്കുകയും ചെയ്തു. അതിശയമെന്നുപറയട്ടെ, ഒരൊറ്റ രാത്രി കൊണ്ടു അവിടെ ഒരുക്കിവെച്ച മുഴുവൻ സാധനങ്ങളും ഇന്ന് നമ്മുടെ ക്ഷേത്രം ഉള്ള പുണ്ണ്യ ഭൂമിയിൽ എത്തിയതായി കണ്ടു സുപ്രസിദ്ധ ജോൽസ്യന്മാരെത്തി ദേവപ്രശ്നം വെച്ചതിൽ ക്ഷേത്രത്തിന് ഏറ്റവും അനുയോജ്യമായ സ്ഥലമാണിതെന്നും ഇവിടെത്തന്നെ ക്ഷേത്രനിർമ്മാണം നടക്കണമെന്നും കണ്ടു. അതിനെ തുടർന്ന് കൈലാസ സമം മനോഹരമായ ഈ പുണ്ണ്യഭുമിയിലേക്ക് ദേവിദേവന്മാരെ ആനയിക്കുകയും സന്തുഷ്ടനായ ശ്രീ മഹാദേവൻ ഇവിടെ "നാലുകഷണം കല്ലും മരവും ചെത്തികെട്ടിച്ചും പുണ്ണ്യാഹവും കലശവും ചെയ്യിച്ചും"  ഉപവിഷ്ടരായെന്നു പറയപ്പെടുന്നു .

അത്രയും പൗരാണിക കാലഘട്ടത്തിലാണ് ഈ ക്ഷേത്രം പണിതതെന്നും അത് ദേവസാന്നിദ്ധ്യത്തിലായിരുന്നുവെന്നും അനുമാനിക്കേണ്ടിയിരിക്കുന്നു. (ഇന്നു കാണുന്ന ക്ഷേത്രം പുനർനിർമാണ ചെയ്തതാണെന്ന് ഇത്തരുണത്തിൽ ഓർമ്മിക്കേണ്ടതാണ്.)

പിന്നീട് ഈ ദേവ ഭൂമിയെ പ്രകൃതിയാൽ തന്റെ ഭാവസൗന്ദര്യം ആവോളം നൽകി നിത്യഹരിതഘനശ്യാമ വനമാക്കി അലങ്കരിക്കുകയാണുണ്ടായത്. പച്ചിലതിരുമുടികെട്ടി കാവടിയാടുന്ന തരുനിരകളും കുഞ്ഞിളം കാറ്റ് ഊഞ്ഞാൽ കെട്ടുന്ന ലതാനികുഞ്ജങ്ങളും, താലപ്പൊലിയേന്തിനിൽകുന്ന വർണ്ണ സുഗന്ധ പുഷ്പരാജികളും ദിവ്യൗഷധ ശതാവലികളും ക്ഷേത്രത്തെ വലംവെച്ചും ഭജനാലാപം നടത്തുന്നു കിളികുലങ്ങളും പാപപരിഹാരാർത്ഥം ശയനപ്രദക്ഷണം ചെയ്യുന്ന മണ്ണിരകളും മറ്റു വന്യ സസ്സ്യ ജീവികളും നിറഞ്ഞതാണ്‌ നമ്മുടെ ക്ഷേത്ര ഭൂമി.

അത്രയേറെ ചേതസ്സമാകർഷകമായ ക്ഷേത്രവും പരിസരവും കാത്തുസൂക്ഷിക്കേണ്ടതിന്റെ ആവിശ്യകത പ്രതേകിച്ചും പറയേണ്ടതില്ലല്ലോ നമ്മുടെ ഗുരുകാരണവന്മാർ നേടിയെടുത്ത ഈ അമൂല്യമായ ആരാധനാലയം വരും തലമുറകളിലേക്കും കൈമാറുമ്പോൾ ഇതിന്ടെ പൂർവസൗഭാഗ്യത്തിന് കോട്ടം തട്ടാതെ ആവോളം മുതൽക്കൂട്ടുകൾ നേടിയെടുത്തു ഇതിനെ പരിപോഷിപ്പിക്കേണ്ടത് ഇന്നുള്ളവരാണ് ഈ ക്ഷേത്രത്തിനും അനുദിനം ഉണ്ടായിരിക്കുന്ന വളർച്ചയിൽ നമുക്ക് അഭിമാനിക്കുകയും ചെയ്യാം.